ന്യൂഡൽഹി: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ ഹൈക്കമാൻഡിനെ നിലപാട് അറിയിച്ച് മുതിർന്ന നേതാവ് വി.എം.സുധീരന്. സംസ്ഥാനത്തെ ജനവികാരം രാഹുൽ ഗാന്ധിയെ അറിയിച്ചു. തീരുമാനമെടുക്കേണ്ടത് ദേശീയ നേതൃത്വമാണ്. പറയാനുള്ളതെല്ലാം പറഞ്ഞതില്‍ സംതൃപ്തിയുണ്ടെന്നും സുധീരന് പറഞ്ഞു.
ജനവികാരം ആര്‍ക്കെന്ന് പുറത്തു പറയാന്‍ ആഗ്രഹിക്കുന്നില്ല. വിശദാംശങ്ങള്‍ പറയുന്നത് ഔചിത്യമല്ല. തന്റെ ശ്രദ്ധയില്‍പ്പെട്ട കാര്യങ്ങള്‍ രാഹുലിനെ അറിയിച്ചിട്ടുണ്ട്. വ്യക്തിപരമായ അഭിപ്രായമല്ല ജനങ്ങളുടെ വികാരമാണ് പങ്കുവെച്ചത്. പ്രഖ്യാപനം വൈകിയെന്നത് യാഥാര്‍ത്ഥ്യമാണ്. ഇനിയും വൈകാന്‍ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം മുഖ്യമന്ത്രിയെ ബുധനാഴ്ച പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. അന്തിമ കൂടിയാലോചനകൾ ബുധനാഴ്ച രാവിലെ മുതൽ തുടങ്ങും. കെ.സി - വി.ഡി പക്ഷങ്ങൾ നിലപാട് കടുപ്പിച്ചതോടെയാണ് ഒത്തുതീർപ്പിന് രാഹുൽഗാന്ധി ശ്രമമാരംഭിച്ചത്. കേരളത്തിൽ നിന്നെത്തിയ നേതാക്കളുടെ അഭിപ്രായം അദ്ദേഹം കേട്ടു.
പാർലമെന്ററി പാർട്ടിയിലെ ഭൂരിപക്ഷം കണക്കിലെടുക്കണമെന്ന് കൂടുതൽ നേതാക്കൾ അഭിപ്രായപ്പെട്ടു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി രാഹുൽഗാന്ധി അവസാനവട്ട ചർച്ച നടത്തും. ഈ ചർച്ചയിൽ സോണിയാ ഗാന്ധിയും പങ്കെടുത്തേക്കുമെന്ന് റിപ്പോർട്ടുണ്ട്. തുടർന്ന് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് തീരുമാനം.